Leviticus 4

പാപശുദ്ധീകരണയാഗം

1യഹോവ വീണ്ടും മോശയോട് അരുളിച്ചെയ്തു: 2“ഇസ്രായേൽമക്കളോടു പറയുക: ‘ആരെങ്കിലും മനഃപൂർവമല്ലാതെ പാപംചെയ്തു യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും ലംഘിച്ചാൽ—

3“ ‘മഹാപുരോഹിതൻ
മൂ.ഭാ. അഭിഷിക്തനായ മഹാപുരോഹിതൻ. വാ. 5, 16 കാണുക.
സകലജനത്തിന്മേലും കുറ്റം വരത്തക്കവിധം പാപംചെയ്യുന്നെങ്കിൽ, താൻ ചെയ്ത പാപംനിമിത്തം യഹോവയ്ക്ക് ഊനമില്ലാത്ത ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം.
4അദ്ദേഹം ആ കാളയെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ യഹോവയുടെമുമ്പാകെ കൊണ്ടുവരണം. അദ്ദേഹം അതിന്റെ തലയിൽ കൈവെക്കുകയും യഹോവയുടെമുമ്പാകെ അതിനെ അറക്കുകയും വേണം. 5ഇതിനുശേഷം മഹാപുരോഹിതൻ കാളക്കിടാവിന്റെ കുറെ രക്തം എടുത്തു സമാഗമകൂടാരത്തിനകത്തു കൊണ്ടുവരണം. 6അദ്ദേഹം രക്തത്തിൽ വിരൽ മുക്കി വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കുമുമ്പിൽ യഹോവയുടെ സന്നിധിയിൽ ഏഴുപ്രാവശ്യം തളിക്കണം. 7പുരോഹിതൻ പിന്നെ കുറെ രക്തം യഹോവയുടെ സന്നിധിയിൽ സമാഗമകൂടാരത്തിലുള്ള സുഗന്ധധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. അദ്ദേഹം കാളയുടെ ശേഷിച്ചരക്തം സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. 8പാപശുദ്ധീകരണയാഗമായ കാളയുടെ മേദസ്സു മുഴുവനും—അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സു മുഴുവനും, 9വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അദ്ദേഹം നീക്കംചെയ്യണം— 10സമാധാനയാഗമായി അർപ്പിച്ച കാളയുടെ
മൂ.ഭാ. ഈ പദം ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കാം.
മേദസ്സു നീക്കിയതുപോലെതന്നെ നീക്കണം. ഇതിനുശേഷം പുരോഹിതൻ അവയെ ഹോമയാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.
11എന്നാൽ കാളയുടെ തുകലും അതിന്റെ മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും 12ഇങ്ങനെ കാളയുടെ ബാക്കിഭാഗം മുഴുവനും അദ്ദേഹം പാളയത്തിനുപുറത്തു കൊണ്ടുപോയി ചാരം ഇടുന്ന, വെടിപ്പുള്ള ഒരു സ്ഥലത്ത് ചാരത്തിന്മേൽവെച്ച് വിറകിനു തീയിട്ടു ചുട്ടുകളയണം.

13“ ‘ഇസ്രായേൽസഭ മുഴുവൻ മനഃപൂർവമല്ലാതെ പാപംചെയ്ത് യഹോവ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള കൽപ്പനകൾ ഏതെങ്കിലും ലംഘിച്ചാലും ആ സംഗതി സഭ അറിയാതിരുന്നാലും അവർ കുറ്റക്കാരാണ്. 14അവർ ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി സമാഗമകൂടാരത്തിനുമുമ്പിൽ കൊണ്ടുവരണം. 15ഇസ്രായേല്യ തലവന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലമേൽ അവരുടെ കൈവെക്കണം; യഹോവയുടെ സന്നിധിയിൽ കാളയെ അറക്കണം. 16എന്നിട്ട് മഹാപുരോഹിതൻ കാളയുടെ കുറെ രക്തം സമാഗമകൂടാരത്തിൽ കൊണ്ടുവരണം. 17പുരോഹിതൻ വിരൽ രക്തത്തിൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കുമുമ്പിൽ ഏഴുപ്രാവശ്യം തളിക്കണം. 18അദ്ദേഹം സമാഗമകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ കൊമ്പുകളിൽ കുറെ രക്തം പുരട്ടണം. ശേഷിച്ചരക്തം മുഴുവനും സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. 19അദ്ദേഹം അതിന്റെ മേദസ്സു മുഴുവനും അതിൽനിന്നും എടുത്തു യാഗപീഠത്തിൽ ദഹിപ്പിക്കണം. 20പാപശുദ്ധീകരണയാഗത്തിനുള്ള കാളയെക്കൊണ്ടു ചെയ്തതുപോലെതന്നെ അദ്ദേഹം ഈ കാളയെക്കൊണ്ടും ചെയ്യണം. ഈ വിധത്തിൽ പുരോഹിതൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവരോടു ക്ഷമിക്കും. 21പിന്നീട് അദ്ദേഹം കാളയെ പാളയത്തിനുപുറത്തു കൊണ്ടുപോയി ആദ്യത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ അതിനെയും ചുട്ടുകളയണം. ഇതു സഭയ്ക്കുവേണ്ടിയുള്ള പാപശുദ്ധീകരണയാഗം.

22“ ‘ഒരു പ്രമാണി മനഃപൂർവമല്ലാതെ പാപംചെയ്ത്, തന്റെ ദൈവമായ യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കൽപ്പന ലംഘിച്ചാൽ അവൻ കുറ്റക്കാരനാണ്. 23അവനു താൻ ചെയ്ത പാപം ബോധ്യമായെങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി അർപ്പിക്കണം. 24അവൻ ആ കോലാടിന്റെ തലയിൽ കൈവെച്ചു ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് യഹോവയുടെമുമ്പാകെ അതിനെ അറക്കണം. അത് ഒരു പാപശുദ്ധീകരണയാഗം. 25അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് കുറെ പാപശുദ്ധീകരണയാഗരക്തം എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം; ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. 26അയാൾ മേദസ്സു മുഴുവനും സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഈ വിധം പുരോഹിതൻ ആ മനുഷ്യന്റെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അവനോടു ക്ഷമിക്കും.

27“ ‘ദേശത്തിലെ ജനത്തിൽ ആരെങ്കിലും മനഃപൂർവമല്ലാതെ പാപംചെയ്ത്, യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കൽപ്പന ലംഘിച്ചാൽ ആ മനുഷ്യൻ കുറ്റക്കാരനാണ്. 28അയാൾക്ക് താൻ ചെയ്ത പാപം ബോധ്യപ്പെടുമ്പോൾ, ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാടിനെ വഴിപാടായി അർപ്പിക്കണം. 29അയാൾ പാപശുദ്ധീകരണയാഗത്തിന്റെ തലയിൽ കൈവെച്ചു ഹോമയാഗസ്ഥലത്ത് അതിനെ അറക്കണം. 30അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് അതിന്റെ കുറെ രക്തം എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം, ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. 31പുരോഹിതൻ സമാധാനയാഗത്തിൽനിന്നുള്ള മേദസ്സു നീക്കംചെയ്തതുപോലെ മേദസ്സു മുഴുവനും നീക്കംചെയ്ത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അതിനെ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഇങ്ങനെ പുരോഹിതൻ ആ വ്യക്തിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അയാളോടു ക്ഷമിക്കും.

32“ ‘ആരെങ്കിലും പാപശുദ്ധീകരണയാഗമായി ഒരു ആട്ടിൻകുട്ടിയെയാണ് അർപ്പിക്കുന്നതെങ്കിൽ ഊനമില്ലാത്ത പെണ്ണാടിനെ അർപ്പിക്കണം. 33അയാൾ തന്റെ കൈ അതിന്റെ തലയിൽവെച്ച്, ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് പാപശുദ്ധീകരണയാഗത്തിനായി അറക്കണം. 34അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തം എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. 35സമാധാനയാഗത്തിൽ ആട്ടിൻകുട്ടിയുടെ മേദസ്സു നീക്കംചെയ്തതുപോലെ അയാൾ മേദസ്സു മുഴുവൻ നീക്കണം. പുരോഹിതൻ യാഗപീഠത്തിൽ യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗമെന്നപോലെ അതിനെ ദഹിപ്പിക്കണം. അയാൾ ചെയ്ത പാപത്തിനു പുരോഹിതൻ ഈ വിധം പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അയാളോടു ക്ഷമിക്കും.

Copyright information for MalMCV